Sunday, August 21, 2011

സുന്നത്ത് കല്യാണം






...........................രണ്ടാം ക്ളാസ് കഴിഞ്ഞുള്ള വേനല്‍ അവധിക്കാലം...
അയല്‍വക്കത്തെ കുട്ടികളുമൊക്കെ ആയി കളിച്ചു തിമിര്‍ത്തു നടക്കുന്ന കാലം.
നിഷാദ് ...ഷബീര്‍....ഉണ്ണി....ഇര്‍ഫാന്‍...നൌഫല്‍...സുജിത് ...സോണി...രേഷ്മി...സോനു....അങ്ങനെ കുറെ പേര്‍....
കൂട്ടത്തില്‍ കുറുമ്പും കുസൃതിയും കൂടുതല്‍ ഉണ്ടന്ന് നാട്ടുകാര്‍ പൊതുവേ അടക്കം പറഞ്ഞിരുന്നത് ഇര്‍ഫാനും നൌഫലിനുമായിരുന്നു.
അവരാണ് ഞങ്ങളെയൊക്കെ കുരുത്തന്കെട്ടവരാക്കി മാറ്റുന്നതെന്ന് നാട്ടില്‍ പൊതുവേ സംസാരവും ഉണ്ട്.
അങ്ങനെ അവധിക്കാലം ടീച്ചറും കുട്ടിയോളും കളിച്ചും ബസ്‌ കളിച്ചും കഞ്ഞിയും കറിയും വെച്ചു കളിച്ചും സുന്ദരമായി നീങ്ങുന്ന സമയം.
ഒരു ദിവസം വൈകിട്ട് കളി കഴിഞ്ഞു മണ്ണിലും ചെളിയിലും കുളിച്ചു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഉമ്മ പറഞ്ഞു നാളെ മുതല്‍ നീ ഒക്കെ അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കൊലോ സമാധാനമായി.....കുറച്ചു നാളത്തേക്കെങ്കിലും മനുഷ്യന് ചെവിതല കേള്‍ക്കാലോ...
എന്താ കാര്യം.....?
ആ ഇര്ഫാന്റെയും നൌഫലിന്റെയും സുന്നത് കല്യാണമാണ് നാളെ.കൂടെ നിശാടിന്റെയും ശബീരിന്റെയും ഉണ്ടാകും.
എന്ന് വെച്ചാല്‍......?
എന്ന് വെച്ചാല്‍ അവന്റെയൊക്കെ കുരുത്തക്കേട്‌ അവസാനിപ്പിക്കാന്‍ പോകുന്നു...നാളെ ഒസ്സാന്‍ വന്ന്‌ .............ഉമ്മ തുടര്‍ന്നു.
അവര്‍ നാല് പേരും ഒരേ വീട്ടിലെ ചേട്ടത്തി അനിയത്തിമാരുടെ മക്കളാണ്.
നേരം വെളുത്തു പത്തുമണി ആയപ്പോള്‍ കണ്ടു അബൂബക്കര്‍ക്ക എന്ന നാട്ടിലെ ഔദ്യോഗിക ഒസ്സാന്‍ അവരുടെ വീട്ടിലേക്കു കയറി പോകുന്നു.
അര മണിക്കൂറിനുള്ളില്‍ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും നാല് പേരുടെയും കരച്ചില്‍ അത്ത്യുച്ചത്തില്‍ കേട്ടു.കരച്ചില്‍ കേട്ടു അങ്ങോട്ട്‌ ചെന്നപ്പോള്‍ വീട് നിറയെ ആളുകള്‍....അവരുടെ ബന്ധുക്കള്‍.....എളാപ്പ...മൂത്താപ്പ ..മൂത്തുമ്മ....വല്യാപ്പ....പുതിയാപ്ലമാര്‍ അങ്ങനെ എല്ലാരും ആനന്ദ പൂത്തിരി മുഖത്തു കത്തിച്ചു വെച്ചു നടക്കുന്നു.എന്നെ കണ്ടപ്പോള്‍ എല്ലാരും കളിയാക്കി....."ചങ്ങാതിമാരോന്നും ഇനി കുറെ നാളത്തേക്ക് ഉണ്ടാവില്ല.നിങ്ങള് പെണ്‍കുട്ടികള്‍ പോയി ഒറ്റയ്ക്ക് കളിച്ചാല്‍ മതി "
നിരാശ നിറഞ്ഞ മനസോടെ ഞാന്‍ തിരിച്ച് എന്‍റെ വീട്ടിലേക്കു പോന്നു.വൈകിട്ടായപോള്‍ പലഹാരങ്ങളുമായി ഷബീറിന്റെ ഉമ്മ ഞങ്ങളുടെ വീട്ടില്‍ വന്നു.നെയ്യപ്പവും മധുരസേവയും ലടുവും ഒക്കെ ഉണ്ടായിരുന്നു....ഞാന്‍ അവരുടെ കയ്യില്‍ തൂങ്ങി അങ്ങോട്ട്‌ വെച്ചു പിടിച്ചു.
പടിഞ്ഞാറേ മുറിയില്‍ രണ്ടു കട്ടിലുകള്‍ ചെര്ത്തിട്ടിരിക്കുന്നു.നാല് പേരും നിരന്നു കിടക്കുന്നു ....വെള്ള തുണി കെട്ടിന്റെ അറ്റത്തു ചോര പൊടിഞ്ഞ്‌ ....കരഞ്ഞു കലങ്ങിയ കണ്ണുമായി നാല് പേരും....
എനിക്ക് സങ്കടം സഹിക്കാനായില്ല.....
"പെണ്‍കുട്ടികള്‍ ഇ സമയത്ത് ഇങ്ങനെ വന്ന്‌ ഇവരെ കണ്ടു കൂടാ...."പാതി തമാശയും പാതി ഉപദേശവുമായി നൌഫലിന്റെ വല്യാപ്പ.
ഞാന്‍ തിരിച്ചു നടന്നു...
മൂന്നാല് ദിവസം കൂട്ടുകുടാന്‍ ആരുമില്ലാതെ ഇരുന്നു....സോണിയും രേഷ്മിയും സോണുവും എന്നെ പോലെ തന്നെ സങ്കടത്തിലായിരുന്നു .
ഉണ്ണിയാണ് പറഞ്ഞത് ഇര്ഫാനോക്കെ കിടക്കുന്ന മുറിയുടെ പുറകു വശത്ത്‌ കൂടെ പോയാല്‍ ജനല്‍ വഴി അവരെ കാണാമെന്നു..ആ പരീക്ഷണത്തിന് ഞങ്ങള്‍ തയ്യാറായി .ശ്രമം വിജയിക്കുകയും ചെയ്തു.മരത്തിന്റെ അഴികളുള്ള ആ ജനലില്‍ പിടിച്ചു കയറി നാട്ടു വിശേഷങ്ങളൊക്കെ ഞങ്ങള്‍ പങ്കു വെച്ചു.. ബാലരമയും പൂമ്പാറ്റയും ഒക്കെ ഞങ്ങള്‍ അത് വഴി കൈമാറി.സുന്നത്ത് കല്യാണം പ്രമാണിച്ച് കിട്ടിയ പുത്തന്‍ ഉടുപ്പുകളും പിന്നെ സ്വര്‍ണ മോതിരങ്ങളുമൊക്കെ അവര്‍ ഞങ്ങളെ കാണിച്ചു....ഇടക്ക് കെട്ടഴിച്ചു കെട്ടാന്‍ ഒസ്സാന്‍ അബൂബക്കെര്‍ കാക്ക വരുമ്പോഴൊക്കെ ഞങ്ങള്‍ ഓടി ഒളിക്കും....അല്ലാത്തപ്പോഴൊക്കെ മുഴുവന്‍ സമയം ഞങ്ങള്‍ ആ ജനലിനു പരിസരത്തു തന്നെ ചിലവഴിച്ചു.
സുന്നത് കല്യാണം എന്തിനാ എന്ന് പലവട്ടം ഉമ്മയോട് ചോദിച്ചിട്ടുണ്ട്.
മദ്രസയില്‍ വെച്ചു ഉസ്താദ് പറഞ്ഞു തന്നത് ഓര്‍ക്കുന്നു ....ചേലാ കര്‍മം ചെയ്താലേ ഒരാള്‍ മുസ്ലിം ആകു എന്ന്....
പിന്നീട് മുതിര്ന്നപോള്‍ കോളേജ് ല്‍ വെച്ചു ഒരിക്കല്‍ കവി കബീര്‍ദാസ് ന്ടെ ഈരടികള്‍ വായിച്ചതും ഓര്‍ക്കുന്നു.. ..അതിന്റെ അര്‍ത്ഥം ഇങ്ങനെയാണ്‌ ..."ഒരാളെ മുസ്ലിം ആയി ജനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ദൈവം തന്നെ ചേലാ കര്‍മം നടത്തി ഭൂമിയിലേക്ക്‌ വിടാത്തതെന്തു....?
ദൈവം മനുഷ്യരെയാണ് സൃഷ്ടിക്കുന്നത് ,മതം മനുഷ്യ സൃഷ്ടിയും "
കബീര്‍ദാസ് ന്ടെ ഈരടികളുടെ പുസ്തകം മടക്കി വച്ചപ്പോള്‍ കുട്ടിക്കാലത്തെ രസകരമായ ഈ ഒര്മയിലെക്കാന് മനസ് പോയത്...

തിറ



കൊറോത്തെ തിറ ഓര്മ വരുന്നു......
തീ ചാമുണ്ടി തിറ കെട്ടുന്ന ദിവസം
സ്കൂള്‍ ഒക്കെ അവധി ആയിരിക്കും.....
ഞങ്ങളുടെ നാട്ടില്‍ നിന്നു കല്യാണം കഴിഞ്ഞു
ദൂര നാട്ടില്‍ ചെക്കനോടൊപ്പം താമസിക്കുന്ന
ചേച്ചി മാരൊക്കെ നാട്ടില്‍ എത്തും.
നിറയെ വളകളും കമ്മലുകളും ബലൂണും ഒക്കെ
വില്‍ക്കുന്ന കുഞ്ഞു കടകള്‍ നാട്ടിലാകെ ഉയരും...
നാടാകെ ഉത്സവ ലഹരിയിലാകും....
ചാമുണ്ടി നിറുകയില്‍ ഭസ്മം തൊട്ട് നമ്മുടെ മനസ് വായിക്കും
പിന്നെ അനുഗ്രഹിക്കും...
ബാല്യത്തില്‍ ഇത്‌ കാണുന്നത് ഒരു രസമായിരുന്നു..
കൌമാരത്തില്‍ അത്യാവശ്യം ട്യുഷന്‍ ക്ലാസ്സിലെ ഒരു ചെക്കനുമായി ഇഷ്ടത്തിലായ
സമയത്ത് ഒരു തിറ കൂടാന്‍ പോയത് ഓര്‍മയുണ്ട്..
ചാമുണ്ടി തലയില്‍ തൊട്ട് പറഞ്ഞു
"പഠിത്താത്തില്‍ ഒന്നുമല്ല ഇപോ ശ്രദ്ധ ...പരീക്ഷക്ക്‌ തോറ്റു പോകും കുട്ട്യേ ....."
ഞാന്‍ ചമ്മി നാശമായി....
കൂടെ പോന്ന വിനിത ചേച്ചി ചോദിച്ചു
"എന്താ നിനക്ക് വല്ല ചുറ്റി കളിയും ഉണ്ടോ? ചാമുണ്ടി കള്ളം പറയില്ല" .
പിന്നീട് ഒരിക്കലും ചമുണ്ടിയെ തല തൊടാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല.
ദൂരെ നിന്നു തിറ കണ്ടു ഇങ്ങ് പോരും...